പൂവാർ: കെട്ടി ബലപ്പെടുത്തിയ വടംപൊട്ടി തടികൾ റോഡിലേക്ക് പതിച്ചു. നിയന്ത്രണം തെറ്റിയ ലോറി ഏറെ തിരക്കുള്ള ബൈപ്പാസ് റോഡിൽ മറിഞ്ഞു. ഡ്രൈവറുടെയും സഹായിയുടെയും സമയോചിതമായ ഇടപെടലും റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരു ന്നതും വൻ ദുരന്തം ഒഴിവാക്കി. ഡ്രൈവറും സഹായിയും നേരിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം കോവളം കാരോട് ബൈപ്പാസിൽ പുറുത്തിവിള സിഗ്നൽ ജംഗ്ഷനിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും ആഞ്ഞിലി തടികയറ്റി ബൈപ്പാസിലൂടെ കോവളം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയിൽ തടികൾ അടുക്കി കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകടത്തിനു വഴിവഴിച്ചത്. ലോറിയിലുണ്ടായിരുന്ന തടികൾ റോഡിലേക്ക് ചിതറി വീണെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.അപകടത്തെ തുടർന്ന് പ്രദേശത്ത് ബൈപ്പാസിൽ ഗതാഗത തടസം നേരിട്ടു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൂവാർ പൊലിസും നാട്ടുകാരും ചേർന്നു റോഡിൽ വീണ തടികളും ലോറിയും നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.